2013, മേയ് 8

ഖുര്‍ആനും ആധുനികശാസ്ത്രവും

സര്‍വ്വശക്തനായ ദൈവം കടുക് മുതല്‍ ആകാശത്ത് വരെ സ്വന്തം പേരെഴുതി സെല്‍ഫ്‌ മാര്‍ക്കെറ്റിങ്ങ് നടത്തുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. സര്‍വ്വാധിപനായ ദൈവം അനുഗ്രഹിച്ച് തന്ന സൌഭാഗ്യങ്ങളെ കുറിച്ചോര്‍ക്കാന്‍ ചിലര്‍ പട്ടിണി കോലങ്ങളെയും വികലാംഗരെയും മുന്നിലേക്ക്‌ നിര്‍ത്തും. കരുണാനിധിയായ ദൈവത്തിന്‍റെ ശക്തി വിനാശകാരിയായ പ്രകൃതിക്ഷോഭത്തിലും തകരാതിരുന്ന ദേവാലയത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നവരുമുണ്ട്. അമാനുഷികമായ ദൈവസങ്കല്‍പ്പത്തിലുള്ള ചഞ്ചലവിശ്വാസത്തെയാണ്  ഈ വിശ്വാസികളെല്ലാം തന്നെ പ്രതിനിധീകരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയെല്ലാം വൈറലാവുന്ന അനവധി പ്രചരണങ്ങള്‍ തെളിയിക്കുന്നത് ഇത്തരം ദുര്‍ബലവിശ്വാസികളുടെ ചെറുതല്ലാത്ത ജനസംഖ്യയാണ്. പാവം വിശ്വാസികളുടെ "ഷെയര്‍ ആന്‍ഡ്‌ വിന്‍ സ്വര്‍ഗ്ഗം[2]  പ്രൊമോഷനുകളെ അര്‍ഹമായ അവഗണന സമ്മാനിച്ച്‌ ആദരിക്കുകയാണ് പതിവ്. ഇക്കൂട്ടത്തിന് കൂടെ തന്നെ വ്യാപകമായി കാണുന്ന മറ്റൊരു വയറിളകിയ മതമാര്‍ക്കെറ്റിങ്ങാണ് "വേദപുസ്തകത്തിലെ  ആധുനികശാസ്ത്രം".



ഖുറാനിലെ ആധുനികശാസ്ത്രത്തെ പരിചയപ്പെട്ടത് അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ്. ഖുറാനിന്‍റെ ദൈവീകതക്കുള്ള ദൃഷ്ട്ടാന്തമായാണ് ഇവ ചൂണ്ടിക്കാട്ടിയത്. ആദ്യ കേള്‍വിയില്‍ തന്നെ  വെറും ചെറി പിക്കിംങ്ങായാണ് തോന്നിയത്. എങ്കിലും ഒറ്റയടിക്ക് തള്ളികളയാതെ അതിനെ കുറിച്ച് കൂടുതലറിയാനാണ് ശ്രമിച്ചത്. ശാസ്ത്രത്തിലും ഖുര്‍ആനിലും വട്ടപൂജ്യമായ എന്‍റെ അടിസ്ഥാനസംശയങ്ങള്‍ക്ക് പോലും ലഭിച്ച ഏറ്റവും നല്ല ഉത്തരം "വിശദമായി പഠിച്ചിട്ട് പിന്നീട് പറഞ്ഞ് തരാം" എന്നതാണ്. പഠനം ഒരിക്കലും തീരാത്ത ഒരു തുടര്‍പ്രക്രിയ ആയത് കൊണ്ടാവണം, ഉത്തരവുമായി ആരും തിരിച്ച് വന്നില്ല. സ്വര്‍ഗ്ഗത്തില്‍ അടിച്ച്പൊളിക്കുമ്പോള്‍ കൂടെ ഞാനും വേണമെന്ന് മാത്രമേ അവര്‍ക്കുള്ളൂ! വിശ്വാസിക്ക് ഈ വിഷയം വൈകാരികമായി സംവധിക്കാനേ കഴിയൂ, അത് കൊണ്ട്  വ്യക്തിപരമായി അടുപ്പമുള്ളവരുമായുള്ള ഇത്തരം സംഭാഷണങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. അത് കൊണ്ട് ഓണ്‍ലൈനില്‍ കണ്ട ചില ഇസ്ലാം ശാസ്ത്ര-അഞ്ജരെയും സമീപിച്ച് നോക്കിയിട്ടുണ്ട്, ശാസ്ത്രം ഖുറാന്‍ ക്ലാസുകളില്‍ നിന്നും മാത്രം പഠിച്ച ഇവരും നിരാശ തന്നെയാണ് സമ്മാനിച്ചത്. "ഖുര്‍ആനിലെ ശാസ്ത്രസത്യങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ച് പ്രഗല്‍ഭരും പ്രശസ്തരുമായ ശാസ്ത്രഞ്ജര്‍ പറഞ്ഞ് കേട്ടതാണ്, അത് കൊണ്ട് വിശ്വസിക്കണം", "മാതാവ് പറയുന്ന ആളല്ലേ പിതാവ്?", "ശാസ്ത്രം ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും".... ഇത്തരം ന്യായവൈകല്യങ്ങളും വാചാടോപതന്ത്രങ്ങളും മാത്രമേ അവര്‍ക്ക് പറയാനുള്ളൂ.

പുട്ടിന് പീരയെന്നവണ്ണം ചില വസ്തുതകള്‍ വിശുദ്ധഗ്രന്ധത്തില്‍ കണ്ടെത്താന്‍ കഴിയുന്ന വിശ്വാസിക്ക് ബാക്കി ഭാഗങ്ങളിലെ പ്രഥമദൃഷ്ട്യാ കാണാവുന്ന തെറ്റുകള്‍ പോലും അപ്രമാദിത്വസത്യങ്ങളായി അംഗീകരിക്കാന്‍ കഴിയും. വിശുദ്ധഗ്രന്ധങ്ങളിലെ ശാസ്ത്രവിരുദ്ധമായ പ്രസ്ഥാവനകള്‍ ശാസ്ത്രത്തിന്‍റെ പരിമിതിയായി വിലയിരുത്തുമ്പോള്‍ തന്നെ ശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങള്‍ ദൈവീകതക്കുള്ള ദൃഷ്ട്ടാന്തങ്ങളായി അവതരിപ്പിക്കുകയും ചെയ്യും. വിശ്വാസിയുടെ കേവലയുക്തിയെ പോലും തൃപ്തിപ്പെടുത്താനാവാത്ത പല മതപരമായ ആചാരനുഷ്ടാനങ്ങളെ പോലും തിരുത്താന്‍ അവനെ കൊണ്ടാവില്ല. പകരം അവയെ വേണ്ട വിധത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യന്‍റെ പരിമിതികളില്‍ അഭയം പ്രാപിക്കുന്ന വിശ്വാസി യഥാര്‍ത്ഥത്തില്‍ തന്‍റെ ചിന്താശേഷി പണയം വെക്കുകയാണ് ചെയ്യുന്നത്. ഇതേ വിശ്വാസി തന്നെ അന്യമതസ്ഥരുടെ ആചാരങ്ങളെ  തലനാരിഴ കീറി വിലയിരുത്തുന്നതും യുക്ത്യാധിഷ്ട്ടമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതും കാണാന്‍ കഴിയും. മതവിശ്വാസത്തില്‍  ഇത്തരം വൈരുധ്യങ്ങളും പക്ഷപാതിത്വ-യുക്തികളും സുലഭമാണ്.

സ്വന്തം മതവിശ്വാസത്തിന്‍റെ സ്ഥാനം യുക്തിക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്നിടത്തോളം കാലം, വിശ്വാസത്തെ യുക്തി കൊണ്ടോ ശാസ്ത്രം കൊണ്ടോ ചോദ്യം ചെയ്യുന്നത് പാഴ് വേലയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് വിശുദ്ധപശുവിന്‍റെ സ്ഥാനത്തിന് ഇളക്കം തട്ടില്ലെന്നറിയാം. എന്‍റെ ശ്രമം ഖുറാനിലെ ശാസ്ത്രസൂചനകളെ കുറിച്ച് കൂടുതലറിയുക എന്നത് മാത്രമാണ്. അത് വഴി കുറച്ചെങ്കിലും കുര്‍ആനും ശാസ്ത്രവും അറിയാമെന്നൊരു മെച്ചവുമുണ്ട്. മുന്‍ധാരണകള്‍ മൂലം നിക്ഷപക്ഷമായ ഒരു പഠനം നടക്കാതിരുന്നതാവാം കാരണം, ഖുറാനില്‍ ഉണ്ടെന്ന് ആരോപിക്കുന്ന ശാസ്ത്രസൂചനകളില്‍ അമാനുഷികമായ എന്തെങ്കിലും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.

ഞെട്ടിപ്പിക്കുന്ന ശാസ്ത്രമൊന്നും ഖുറാനില്‍ ഇല്ലെന്ന് ബോധ്യം വന്നതിന് ശേഷവും ഇതേ ശാസ്ത്ര സൂചനകള്‍ പലരും പല പ്രാവശ്യം പറഞ്ഞ് തന്നു. കേട്ട് മടുത്തെങ്കിലും പറയുന്നവര്‍ക്ക് മടുക്കുന്നില്ല എന്നതാണ് അനുഭവം. നല്ല കേള്‍വിക്കാരനായി ഇരുന്ന് കൊടുത്താല്‍ തീരുന്നതല്ല വിഷയം. ഇതില്‍ അത്ഭുതപ്പെടണം, അടുത്ത നിമിഷം മുതലൊരു ഉത്തമവിശ്വാസിയാവണം/നന്നാവണം. നന്നാവാന്‍ ഒരുക്കമല്ലാത്തത് കൊണ്ട് പ്രതിരോധിക്കേണ്ടി വരും. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള മതത്തിന്‍റെ കൊണം വിളമ്പല്‍ അസ്സഹ്യമാണെന്ന് വിലപിച്ചിട്ടൊന്നും കിം ഫലം.  മതത്തിന്‍റെ കൊണം അടിപ്പിക്കുകയെന്നത് വിശ്വാസിയുടെ ധര്‍മ്മമാണ്, അത് അസ്സഹ്യമാണെന്ന് പറയുന്നത് പറയുന്നവന്‍റെ അസ്സഹിഷ്ണുതയും. മനസ്സിലാക്കിയതെഴുതി വെച്ചാല്‍ ഭാവി വിഴുപ്പലക്കുകള്‍ ഇവിടെ നിന്ന് തുടങ്ങാമെന്ന അത്യാഗ്രഹമാണ്‌ ഇതിന് പിന്നില്‍ . ഇനിയെഴുതാന്‍ ഉദ്ദേശിക്കുന്നത്, പലപ്പോഴായി പലയിടത്ത് നിന്നും വായിച്ചോ കേട്ടോ അറിഞ്ഞ കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ ഒഴുക്കില്ലായ്മ അനുഭവപ്പെടാനും  ബോറടിക്കാനും നല്ല സാധ്യതയുണ്ട്. ഇത്തരം ചര്‍ച്ചകളും പരസ്യങ്ങളും ഒരു തലവേദനയായി ഇത് വരെ അനുഭവപ്പെടാത്തവരും മതത്തിന്‍റെ കൊണം ആസ്വദിക്കാന്‍ കഴിയുന്ന മഹാഭാഗ്യവാന്മാരും ഇനിയങ്ങോട്ട് വായിച്ച് സമയം കളയേണ്ടതില്ല.

പൊന്നുരുക്കുന്നിടത്തെ പൂച്ച 

"കോടികണക്കിന് രൂപ ചിലവിട്ട് ശാസ്ത്രം ഇന്നലെ കണ്ടുപിടിച്ചത് നൂറ്റാണ്ടുകള്‍ക്കും മുന്‍പേ കൃത്യമായി ഖുറാനില്‍ എഴുതിയിരിക്കുന്നത് കണ്ടില്ലേ?", "വീണ്ടും ശാസ്ത്രം തോറ്റു, ഖുറാന്‍ ജയിച്ചു.", "പരിണാമ വാദം പൊളിഞ്ഞു സൃഷ്ട്ടിവാദം ജയിച്ചു"... ഇത്തരം വെല്ലുവിളിയോ പരിഹാസമോ അടങ്ങുന്ന ചില വാചകങ്ങളുടെ അകമ്പടിയോടെയാണ് വേദശാസ്ത്ര പരസ്യങ്ങള്‍ അവതരിപ്പിച്ച് കാണാറ്. ഏതെങ്കിലുമൊരു ശാസ്ത്രസിദ്ധാന്തം തോറ്റാല്‍ മതത്തിന്‍റെ വാദങ്ങള്‍ ജയിക്കുമെന്നത് പോതുവേ കാണുന്നൊരു തെറ്റിദ്ധാരണയാണ്. യദാര്‍ത്ഥത്തില്‍ ശാസ്ത്രത്തോട് പ്രകടിപ്പിക്കുന്ന ഈ പുച്ഛരസ്സം പോലുമൊരു കാപട്യമാണ്. ശാസ്ത്രത്തെ തള്ളികളയാന്‍ കഴിയുന്നവര്‍ക്ക് അതേ ശാസ്ത്രത്തെ തേടി ഖുറാനിലലയേണ്ട ഗതികേട് വരില്ല. ഇങ്ങിനെ തേടിപിടിക്കുന്ന ശാസ്ത്രത്തിന്‍റെ തുമ്പുകളെടുത്ത് കൊണ്ട് പോയി ആഘോഷിക്കുകയുമില്ല. അപ്പോള്‍ ശാസ്ത്രം പലപ്പോഴും തങ്ങള്‍ പറയുന്നത്ര മോശം വസ്തുവല്ലെന്ന തിരിച്ചറിവ് വിശ്വാസിക്കുണ്ട്. ശാസ്ത്രം മോശക്കാരനാവുന്നത് അത് വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ്. മതനിരൂപണം ശാസ്ത്രത്തിന്‍റെ താല്‍പ്പര്യമോ വിഷയമോ അല്ല. പക്ഷെ സത്യം പറയുന്നതിന്‍റെ ഭാഗമായി ചിലപ്പോഴൊക്കെ ശാസ്ത്രത്തിന് വിശ്വാസത്തെ ഖണ്ഡിക്കേണ്ടിവരും. അതുകൊണ്ട് തന്നെ ശാസ്ത്രവും വിശ്വാസവും ഒരേ കൂട്ടില്‍ കെട്ടാവുന്ന രണ്ട് കാര്യങ്ങളല്ല എന്നതാണ് വാസ്തവം. അങ്ങിനെയെങ്കില്‍ ഈ വേദ-ശാസ്ത്ര അവിഹിതബന്ധം ഉണ്ടാക്കിയെടുക്കുന്നത്  വിശ്വാസപരമായി വീക്ഷിച്ചാല്‍ ആത്മഹത്യാപരമായൊരു നീക്കമാണ്. എന്നിട്ടും വേദ-ശാസ്ത്രകണ്ടെത്തലുകള്‍ സംഭവിച്ച് കൊണ്ടേയിരിക്കുന്നു, അതിന് വിശ്വാസികള്‍ക്കിടയില്‍ വന്‍സ്വീകാര്യതയും ലഭിക്കുന്നു. പുറമേ നിന്ന് നോക്കുന്ന ആരെയും കുഴക്കുന്ന ഒരു ചോദ്യമാണിത്.

ഖുറാനില്‍ ശാസ്ത്രത്തെ കണ്ടെത്തുന്നതാര് ? 

മുസ്ലിങ്ങളെ ഉപയോഗിച്ച് കൊണ്ട് തന്നെ ഇസ്ലാംമതത്തെ കരിവാരിത്തേക്കാനായി ഏതെങ്കിലും ഇസ്ലാംവിരുദ്ധ ഗ്രൂപ്പുകള്‍ സൃഷ്ടിച്ചതായിരിക്കുമോ ഈ ഖുറാന്‍ - ശാസ്ത്ര അവിഹിതബന്ധം? ഇത്തരം പോസ്ററുകള്‍ ഒട്ടിക്കുന്ന മുസ്ലിം വിശ്വാസികള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇസ്ലാംമതത്തെ അപഹാസ്യമാക്കുകയെന്ന ഇസ്ലാമിന്‍റെ ശത്രുക്കളുടെ ആവശ്യമാണ് നിറവേറ്റുന്നത്. മത വിശ്വാസത്തെ അതിവൈകാരികതയോടെ സമീപിക്കുന്ന ഇസ്ലാം സമൂഹത്തെ ഇത്തരം ചതികുഴികളില്‍ ചാടിക്കാന്‍ സംഘടനാ-കെട്ടുറപ്പുള്ള ഇസ്ലാമിന്‍റെ ശത്രുക്കള്‍ വിചാരിച്ചാല്‍ നിക്ഷ്പ്രയാസം സാധിക്കും. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുക്കുന്ന ഖുറാനിലെ ചില വാക്കുകള്‍ക്ക് സാമ്യമുള്ള എന്തെങ്കിലും ഏതെങ്കിലുമൊരു ശാസ്ത്രലേഖനത്തില്‍ നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഈ ചേരുംപടി ചേര്‍ക്കലുകളിലെ കഥയില്ലായ്മ വളരെ പ്രകടമാണ്. ഇത്തരം അവകാശവാദങ്ങള്‍ക്ക് പുറകില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാംവിരുദ്ധ-കുടിലശക്തി എന്‍റെ ഭാവന മാത്രമായിരുന്നു, അതിലേക്ക് വെളിച്ചം വീശുന്ന ഒന്നും കണ്ടില്ല. അപ്പോള്‍ പിന്നെയാരായിരിക്കും ഖുറാനില്‍ ശാസ്ത്രത്തെ പുനസൃഷ്ട്ടിക്കുന്ന ശാസ്ത്രഞ്ജര്‍ ?

ഖുറാനിലും ശാസ്ത്രത്തിലും വേണ്ടത്ര വിജ്ഞാനമില്ലാത്ത സാധാരണക്കാരായ അരവൈദ്യവിശ്വാസികള്‍ തങ്ങളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായോ, മതപ്രചാരണത്തിനായോ സൃഷ്ട്ടിക്കുന്നതാവുമോ ഈ വാദങ്ങള്‍ ? ഇതൊരു വലിയ പുണ്യപ്രവര്‍ത്തിയാണെന്ന ധാരണയില്‍ ഇതിനായി ഒഴിവ് സമയം മുഴുവന്‍ ചിലവഴിക്കുന്ന ചിലരെ നേരിട്ടറിയാമെന്നൊരു സുഹൃത്ത്‌ പറഞ്ഞെങ്കിലും, എന്തോ എനിക്കത് പൂര്‍ണ്ണമായി ദഹിച്ചില്ല. ഇക്കാണുന്ന ശാസ്ത്രവാദങ്ങള്‍ മുഴുവന്‍ വിശ്വാസിയുടെ അര്‍ദ്ധശാസ്ത്ര വീപ്പകളില്‍ അമ്പതുനാള്‍ അടയിരുന്നു വിരിഞ്ഞതല്ലെന്ന് തോന്നാനുള്ള പ്രധാന കാരണം, ഇത്തരം അവകാശങ്ങള്‍ ദിവസേന പല വട്ടം കാണാമെങ്കിലും വിരലിലെണ്ണാവുന്ന ശാസ്ത്രീയതകള്‍ തന്നെയാണ് പല രൂപത്തിലും ഭാവത്തിലും പലയാവര്‍ത്തി കാണുന്നത്. ഇവയുടെ എണ്ണം ശാസ്ത്രത്തോടൊപ്പം കാലാനുസൃതമായി പുരോഗമിക്കുന്നില്ല. ആരോ എപ്പോഴോ നിര്‍മ്മിച്ച ഒരു കൂട്ടം ചേരുംപടി ചേര്‍ക്കലുകള്‍ കൃത്യമായ ഇടവേളകളില്‍ പുതിയ വേഷത്തില്‍ ഭാവത്തില്‍ അവതരിക്കുകയാണ്. അങ്ങിനെയെങ്കില്‍ ഖുറാനിലെ ശാസ്ത്രസത്യങ്ങളുടെ പടച്ചവന്‍ ആളെകൊല്ലുന്ന അരവൈദ്യന്മാരുമല്ല, പിന്നെ ?

മതമേലാളന്മാര്‍ മതപ്രചരണാര്‍ത്ഥം സൃഷ്ട്ടിച്ചതാവാനുള്ള സാധ്യതയാണ് ബാക്കി വരുന്നത്. ആരുടെ നിര്‍ദേശപ്രകാരം ആരൊക്കെ കൂടി കണ്ടെത്തിയെന്നന്വേഷണത്തിന് മുന്‍പൊരു കാര്യം കൂടി പരിശോധിക്കാം. മതത്തിനായി മതവിശ്വാസികള്‍ നടത്തുന്നതാണീ ശാസ്ത്രവധങ്ങളെങ്കില്‍ എന്ത് കൊണ്ടവയിത്ര ബാലിശവും പൊള്ളയുമായി പോവുന്നു? ഇതിന്‍റെ പ്രചരണം മതത്തെ പൊതുസമൂഹത്തില്‍ താറടിക്കാനല്ലേ ഉപകരിക്കൂ? ഈ പഴയ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തവും ഉത്തരം അറിയേണ്ടതുമാണ്. ഇതിനുള്ള ഉത്തരങ്ങള്‍ കിട്ടാന്‍ മതം പ്രചരിക്കുന്നതെങ്ങിനെ എന്നറിയേണ്ടതുണ്ട്.

മതം പ്രചരിക്കുന്ന വിധം 

മതത്തിന്‍റെ വളര്‍ച്ച സത്യസന്ധമായി വിലയിരുത്തുന്ന ആര്‍ക്കും അതില്‍ ഹിംസക്കുള്ള സ്ഥാനം മനസിലാക്കാന്‍ കഴിയും. സ്നേഹവും സാഹോദര്യവുമൊക്കെ മുന്നോട്ട് വെക്കുന്ന മതങ്ങളുടെ വളര്‍ച്ചയില്‍ പോലും അക്രമത്തിനുള്ള സ്ഥാനം ചെറുതല്ല. മതത്തിന്‍റെ ജനന-ശൈശവദശയില്‍  മതം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷെ ഈ  ആശയമഹിമയുടെ ബലത്തിലല്ല പിന്നീടങ്ങോട്ട് മതം പ്രചരിക്കുന്നത്. പല പുരാതന അഹിംസാ-മതങ്ങളുടെയും  ഇന്നത്തെ ജഡാവസ്ഥക്ക് കാരണം അവരുടെ ആശയങ്ങള്‍ ഉത്കൃഷ്ടമല്ലാത്തത് കൊണ്ടല്ല, മറിച്ച് പ്രതിരോധത്തിനായി പോലും അക്രമത്തിന്‍റെ പാത സ്വീകരിക്കാതിരുന്നത് കൊണ്ടാണ്. പണ്ട് കാലത്തെ മതങ്ങളുടെ പ്രചാരം മനസ്സിലാക്കാന്‍ അക്കാലത്തെ യുദ്ധങ്ങളുടെ ചരിത്രം അറിയുന്നത് ഉപകാരപ്രദമാണ്. യുദ്ധത്തിലെ വിജയിക്ക് തന്‍റെ മതം നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നൊരു സാമൂഹ്യവ്യവസ്ഥിതിയല്ല ലോകത്തിന്ന് നിലവിലുള്ളത്. ആ ഒരു സുവര്‍ണ്ണ കാലഘട്ടം കഴിഞ്ഞെന്ന് തോന്നുന്നു.

ഇന്ന് മതം വികസിക്കുന്നത് പ്രധാനമായും ജനനത്തിലൂടെയാണ്, കൂടുതല്‍ ജനിപ്പിക്കുന്നവരുടെ മതം കൂടുതല്‍ വളരുന്നു. ജനപെരുപ്പം നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങളെ തകിടം മറിക്കാനുള്ള സ്കീമുകളുമായി മതമേലധ്യക്ഷന്മാര്‍ ഇറങ്ങേണ്ടിവരുന്നത് ഇത് കൊണ്ടാണ്. വിവാഹം സുരക്ഷ തുടങ്ങിയ സാമ്പത്തിക/സാമൂഹ്യ ആവശ്യങ്ങള്‍ക്കായുള്ള  മതപരിവര്‍ത്തനത്തിലൂടെയാണ് പിന്നീട് മതം വികസിക്കുന്നത്. ഈ രണ്ട് കൂട്ടരെയും അപേക്ഷിച്ച് വളരെ വളരെ നിസ്സാരമായൊരു എണ്ണം മാത്രമാണ് യാതൊരു ഭൌതീകനേട്ടവും കാംക്ഷിക്കാതെ മതപരിവര്‍ത്തനം നടത്തുന്നത്. അങ്ങിനെ വരുമ്പോള്‍ ഇക്കാലത്ത് അന്യമതസ്ഥരെ ചാക്കിട്ടു പിടിക്കുന്നതിനേക്കാള്‍ മതപ്രചാരകര്‍ മുന്‍ഗണന നല്‍കേണ്ടത് സ്വമതസ്ഥരെ കൂടെ നിര്‍ത്തുന്നതിലാണ്. അതെ  വ്യഖ്യാനശാസ്ത്രം ഉന്നം വെക്കുന്നത്, തെക്കേലെ ശങ്കരനെയോ പടിഞ്ഞാറ്റിലെ അംബ്രോസിനെയോ അല്ല, മറിച്ച് സ്വന്തം വീട്ടിലെ അബുവിനെ തന്നെയാണ്.
എഴുതി കാട് കയറി പോയ ഭാഗമാണ് താഴെയുള്ള ഗ്രേ ചെയ്ത ഭാഗങ്ങള്‍,എഴുതിയത് കളയാനുള്ള മടി കാരണം ഡിലീറ്റ്‌ ചെയ്യുന്നില്ല
അബുവിന്‍റെ മതാന്ധത മരവിപ്പിച്ച ചിന്താശേഷി പുനരന്വേഷണത്തിന് തയ്യാറാവില്ലെന്നുള്ള  ആത്മവിശ്വാസമാവണം ഇതിന് പുറകിലുള്ളവരുടെ ധൈര്യം. വിശ്വാസികളെ ഇങ്ങിനെ സാമാന്യവല്‍ക്കരിച്ച് അടച്ചാക്ഷേപിക്കുന്നത് ശെരിയല്ലെന്ന് തോന്നിയേക്കാം. ഒരു  വിശ്വാസിക്കും അവന്‍റെ മതവിശ്വാസത്തെ സ്വതന്ത്രമായും വിമര്‍ശനാത്മകമായും സമീപിക്കാന്‍  കഴിയില്ല, എന്നതാണ് സത്യം. സാമാന്യബുദ്ധി പോലുമത്ര സാമാന്യമല്ലാത്ത നമ്മുടെ ഈ ലോകത്ത്, സമഗ്രമായി ശാസ്ത്രവീക്ഷണം പുലര്‍ത്താനാവുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. തൊഴിലോ  വിദ്യാഭാസയോഗ്യതകളോ വച്ച് തിട്ടപ്പെടുത്താനാവുന്നതല്ല ആരുടേയും ശാസ്ത്രീയവീക്ഷണം. നാം കരുതുന്നത് പോലെ സമര്‍ത്ഥരോ ബുദ്ധിമാന്മാരോ അല്ല പലരും എന്നതാണ് വാസ്തവം. ഉപഗ്രഹവുമായി റോക്കറ്റ് പൊങ്ങുന്നതിന് മുന്‍പ് ഐ എസ് ആര്‍ ഓ ചീഫ്‌, തിരുപ്പതി അമ്പലത്തില്‍ പോയി പൂജ ചെയ്തിരിക്കുമെന്നത് നാളിതുവരെയായും മുടങ്ങാത്തൊരു ആചാരമാണ്. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് മതപ്രചാരകനായിരുന്ന ചാള്‍സ് ഡാര്‍വിനാണ്. ഇത്തരം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും തന്നെ കാണാന്‍ കഴിയും.
എന്‍റെ സമാനമായ ഒരനുഭവം പറയാം. "ഹുസ്നി മുബാറക്കിന്‍റെ ഭാര്യ തന്‍റെ പേരിലുള്ള കണക്കറ്റ സ്വത്ത് കടത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള" ഒരു ഇമെയിലിന്‍റെ ചിത്രം ഒരു സുഹൃത്ത്‌ ഷെയര്‍ ചെയ്തു. പതിവായി കാണുന്നൊരു തട്ടിപ്പ് ഇമെയിലാണെന്ന് വളരെ വ്യക്തം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള അദ്ധേഹം അതിനെഴുതിയ അടികുറിപ്പില്‍ നിന്നും അതൊരു ഫെയ്ക്കാണെന്ന് മനസിലായിട്ടില്ലെന്ന് വ്യക്തം. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു ഫെയ്ക്ക് മെയിലാണെന്ന് സമ്മതിച്ച് തന്നില്ല. അതിലെ ഭാഷയും, വസ്തുതാവിരുദ്ധമായ കാര്യങ്ങളുമൊന്നുമൊരു പ്രശ്നമായി ആദ്യമൊന്നും സമ്മതിച്ചില്ല.  നീണ്ട തര്‍ക്കത്തിന് ശേഷമാണ് തെറ്റ് പറ്റിയെന്ന് അദ്ധേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്. ഇവിടെ സത്യം അംഗീകരിക്കാന്‍  മതാന്ധതയുടെ പ്രശ്നമൊന്നുമില്ല, എന്നിട്ട് പോലും ഉന്നത വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആ സുഹൃത്ത് പോലും അതിന് തയ്യാര്‍ ആയിരുന്നില്ല. മുന്‍ധാരണകളോട് ചേര്‍ന്ന് പോവുന്നതെന്തിനെയും സ്വീകരിക്കുകയെന്നത് എല്ലാ മനുഷ്യരുടെയും സ്വാഭാവികമായ ഒരു അശാസ്ത്രീയ രീതിയാണ്.
എന്തായാലും കാട് കേറി പോവുകയാണ്, എങ്കില്‍ പിന്നെ ഇമെയില്‍ തട്ടിപ്പിനെക്കുറിച്ച് കൂടി ചിലത്. പൊതുവേ ഈമെയില്‍ തട്ടിപ്പുകളിലെ വേന്ദ്രന്മാര്‍ നൈജീരിയക്കാരാണ്. ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന ഇത്തരം തട്ടിപ്പ്‌ മെയിലുകള്‍ ഒറ്റയാവര്‍ത്തി വായിക്കേണ്ട തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ . എന്നിട്ടും നൈജീരിയക്കാര്‍ക്ക് പ്രബുദ്ധമലയാളികളുള്‍പ്പെടെ പലരെയും കബളിപ്പിച്ച് പൈസ തട്ടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്, ഇപ്പോഴും കഴിയുന്നുമുണ്ട്. അതെങ്ങിനെ എന്നല്ലേ? ഈമെയില്‍ തട്ടിപ്പുകള്‍ക്കുള്ള വല വിരിക്കുന്നത് ബള്‍ക്ക് ആയി അയക്കുന്ന മെയിലുകളിലൂടെയാണ്. അയക്കുന്ന ആള്‍ക്ക് ആര്‍ക്കൊക്കെയാണ്  അയക്കുന്നതെന്ന ധാരണയൊന്നുമില്ല. അത് കൊണ്ട് മെയില്‍ അയച്ചവരില്‍ നിന്നും നല്ല മുഴുത്ത അത്യാഗ്രഹിയായ മണ്ടന്മാരെ തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധപൂര്‍വ്വം തുന്നിക്കെട്ടിയ ഒരു മെയില്‍ മനപൂര്‍വ്വം തയ്യാറാക്കും. ഇതിനെ കുറിച്ച് അവബോധമുള്ളവര്‍ മെയിലിന്‍റെ സബ്ജക്ട് കാണുമ്പോള്‍ തന്നെ കാര്യം മനസിലാക്കി മെയില്‍ ഡിലീറ്റ്‌ ചെയ്യും. അത്യാഗ്രഹികളായ ബുദ്ധിമാന്മാര്‍ മെയില്‍ മുഴുവന്‍ വായിച്ച് നോക്കി തട്ടിപ്പാണെന്ന് മനസിലാക്കി ഡിലീറ്റ്‌ ചെയ്യുകയോ, മറുപടിയായി നൈജീരിയക്കാരന്‍റെ തന്തക്ക് വിളിക്കുകയോ ചെയ്യും. മന്ദബുദ്ധികളായ അത്യഗ്രഹികള്‍ തട്ടിപ്പെന്ന് മനസിലാക്കാതെ സഹായം വാഗ്ദാനംചെയ്ത് മറുപടി അയക്കും. സഹായഹസ്തം നീട്ടുന്നവരുടെ അത്യാഗ്രഹം ചൂഷണം ചെയ്യാനുള്ള പണി നല്ല  വൃത്തിയായി ചെയ്യാന്‍ നൈജീരിയക്കാര്‍ക്ക് അറിയാം. പുറമേയുള്ള ഒരാള്‍ക്ക്‌ ഒറ്റ നോട്ടത്തില്‍ മണ്ടത്തരമെന്ന് തോന്നുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിച്ചും ഗുണകരമായ ഫലങ്ങള്‍ സൃഷ്ട്ടിക്കാമെന്നതിന് ഇതൊരുദാഹരണമാണ്.
ഇപ്പോഴും ഖുറാനില്‍ ശാസ്ത്രസത്യങ്ങള്‍ പടച്ചവനെ കുറിച്ചുള്ള വ്യക്തത വന്നിട്ടില്ല. പരസ്യം പതിക്കുന്നവര്‍ര്‍ക്ക് റെഫറന്‍സ് വെക്കുന്ന സ്വഭാവം പൊതുവേയില്ലാത്തത് കൊണ്ട് ഇതിന്‍റെയൊക്കെ യദാര്‍ത്ഥ ഉറവിടം നേരെയറിയാന്‍ കഴിയില്ല. ഭാഗ്യവശാല്‍ നമ്മളിന്ന് കാണുന്ന "വ്യഖ്യാനശാസ്ത്രത്തിന്" വലിയൊരു പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. മുഹമ്മദ്‌ നബിക്ക് ശേഷം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതി വരെയുള്ള, നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിലെവിടെയും മുസ്ലിങ്ങള്‍ക്ക് വ്യാഖ്യാനശാസ്ത്രത്തിന്‍റെ അസ്കിതയുള്ളതായി കാണാന്‍ കഴിയില്ല. ഇത്തരം വ്യാഖ്യാനകസര്‍ത്തുകളുടെ പിന്‍ബലമില്ലാതെ തന്നെ ഖുര്‍ആനിന്‍റെ ശ്രേഷ്ട്ടതയില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്ന വിശ്വാസികളാണ് അത് വരെയുണ്ടായിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തോടെയാണ് ശാസ്ത്രലോകത്ത് വന്‍‌മുന്നേറ്റങ്ങള്‍ക്ക് വഴിവെക്കുന്ന പല കണ്ടു പിടുത്തങ്ങളും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ പ്രാപ്യമാവുകയും ശാസ്ത്രാവബോധം ജനങ്ങളില്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതേ കാലയളവിലാണ് ഖുറാനിന്‍റെ വിവിധ ഭാഷകളിലുള്ള തര്‍ജ്ജമകളും ഉണ്ടാവുന്നതും, അത് സാധാരണക്കാരന് പ്രാപ്യമാവുന്നതും. തര്‍ജ്ജമകള്‍ എത്തുന്നതിനും വളരേ മുന്‍പ് തന്നെ മതം പല തലമുറകളിലൂടെ സമൂഹത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. 

സാമാന്യശാസ്ത്ര വീക്ഷണമുള്ള ഒരു മതവിശാസി ഖുറാന്‍ അര്‍ത്ഥമറിഞ്ഞു വായിച്ചാലുണ്ടാകാവുന്ന വിപത്തറിഞ്ഞ മതപണ്ഡിതര്‍ ആദ്യകാലത്ത് ശാസ്ത്രത്തിനും ഭൌതിക വിദ്യാഭ്യാസത്തിനും നേരെ പുറം തിരിഞ്ഞ് നിന്നു. കാലം പുറം തിരിഞ്ഞിരുക്കുന്ന വിശ്വാസികളെയും വഹിച്ച് കൊണ്ട്  ശാസ്ത്രത്തിന്‍റെ ചിറകില്‍ പുരോഗമിച്ചു. ദൈവത്തെ കുടിയിരിത്തിയിരുന്ന മനുഷ്യന്‍റെ അജ്ഞതകളില്‍ ശാസ്ത്രം വെളിച്ചം വീശിതുടങ്ങിയപ്പോള്‍ ശാസ്ത്രാവബോധം വര്‍ദ്ധിക്കുകയും ദൈവം ചെറുതാവാനും തുടങ്ങി. ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനുമെതിരെയുള്ള ഫത്വകള്‍ക്ക് അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും തെളിഞ്ഞു. അവശേഷിക്കുന്ന വഴി, വ്യഖ്യാനശാസ്ത്രത്തിന് രൂപം കൊടുത്ത് ശാസ്ത്രത്തോടൊപ്പം പറ്റുന്നിടത്തോളം ഓടുകയാണ്. പക്ഷെ മനുഷ്യസമൂഹത്തിന്‍റെ വളര്‍ച്ചയില്‍ സ്വാഭാവികമായി മൃതിയടയേണ്ട മതങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ട ആവശ്യം ആര്‍ക്കാണ്? തീര്‍ച്ചയായും വിശ്വാസികളുടെ ബാധ്യതയല്ല അത്. താരതമ്യേന പൌരോഹിത്യത്തിന് വലിയൊരു റോള്‍ ഇല്ലാത്തത് കൊണ്ട് ദുര്‍ബലരായ മുസ്ലിം പൗരോഹിത്യത്തിനും ഇതിനുള്ള കഴിവില്ല. അങ്ങിനെയെങ്കില്‍ മതസംരക്ഷണം ആരുടെ ആവശ്യമാണ്‌?

പെട്രോഡോളറിന്‍റെ പിന്‍ബലത്തില്‍ സമ്പന്നരായ ഭൂരിഭാഗം അറബി രാഷ്ട്രങ്ങളിലും  രാജഭരണമാണ് നിലവിലുള്ളത്. ദൈവീകമായ "ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പം" നിലവിലുള്ള രാജ്യമൊന്നും ഇന്നെവിടെയും നിലനില്‍ക്കുന്നില്ല, അടുത്ത ചരിത്രത്തിലൊന്നും ഉണ്ടായിരുന്നുമില്ല. നബിയുടെ കാലശേഷം എത്ര തലമുറകള്‍ കൂടി യദാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രമുണ്ടായിരുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. അതെന്തുതന്നെയായാലും ഇക്കാലത്ത് സ്വതന്ത്ര-ചിന്തകരായൊരു ജനതയെ ഒരു രാജഭരണസംഹിതക്ക് കീഴെ അണിനിരത്തുക അസാധ്യമായ കാര്യമാണ്. സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കള്‍ എപ്പോഴും ആഗ്രഹിക്കുക വിശ്വാസികളായ ആട്ടിന്‍പറ്റ-പ്രജകളെയായിരിക്കും. എല്ലാ വിശ്വാസികളും ചുരുങ്ങിയത് അവന്‍റെ വിശ്വാസത്തിന്‍റെ കാര്യത്തിലെങ്കിലും അടിമത്തം ആസ്വദിക്കുന്നവരാണ്. ചങ്ങലകളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയവരെ തളച്ചിടാന്‍ എളുപ്പമാണ്, യാതോരു പ്രതിഷേധവും കൂടാതെ അവനതിന് വഴങ്ങിതരും. മതം നിലനില്‍ക്കണമെന്ന് ഏറ്റവും ശക്തമായി ആഗ്രഹിക്കുന്നവര്‍ മതത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ തന്നെയായിരിക്കാം. അങ്ങിനെ വരുമ്പോള്‍ വിശ്വാസികള്‍ കൂട്ടംതെറ്റി പോവാതിരിക്കാന്‍ സൃഷ്ട്ടിക്കപ്പെട്ട ഈ പരസ്യപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരായിരിക്കുമെന്നത് വളരെ വ്യക്തമാവുന്നു.

ആര്, എന്തിന് ചെയ്യിച്ചുവെന്ന് ഊഹിക്കാമെങ്കിലും, ആര് ചെയ്തുവെന്ന്‌ ഇപ്പോഴും അവ്യക്തം. ഇന്റര്‍നെറ്റ് യുഗത്തില്‍ അത് കണ്ടെത്താന്‍ എളുപ്പമാണ്. വ്യാഖ്യാനശാസ്ത്രത്തിന്‍റെ പൊതു സ്രോതസ്സുകള്‍ കീത്ത് എല്‍ മൂര്‍ , മൌറിസ് ബുക്കൈയ്ല്‍ എന്നീ രണ്ട് വിദേശികളാണ്. ഇന്റര്‍നെറ്റില്‍ ലഭ്യമായ ഇവരുടെ പ്രൊഫൈല്‍ വായിക്കുന്ന ഏതൊരാള്‍ക്കും ശാസ്ത്രലോകത്തില്‍ ഇവരുടെ സ്ഥാനവും, ഇവരുടെ പ്രവര്‍ത്തനമണ്ഡലവും മനസ്സിലാക്കാം. സായിപ്പ്‌ പറയുന്നതെന്തും സ്വീകരിക്കുന്നവരാണ് ശാസ്ത്രപ്രേമികളെന്നത് വിശ്വാസികളുടെയൊരു  സ്ഥിരം പരാതിയാണ്. പക്ഷെ യാഥാര്‍ത്ഥ്യം തിരിച്ചാണെന്ന് മനസിലാക്കിയത് കൊണ്ടാവാം  വ്യാഖ്യാനശാസ്ത്രം രചിക്കാന്‍ രണ്ട് സായിപ്പന്മാരായ മെഡിക്കല്‍ ഡോക്റ്റര്‍മാര്‍മാരെ തന്നെ കളത്തിലിറക്കിയത്. അതോ വ്യഖ്യാനശാസ്ത്രത്തിന്‍റെ വിപണനസാധ്യത ആദ്യം തിരിച്ചറിഞ്ഞ് ബോധ്യപ്പെടുത്തിയത് ഈ സായിപ്പന്മാരാണോ എന്നറിയില്ല. അതെന്തുതന്നെയായാലും ഇസ്ലാം മത വിശ്വാസിയായ ഒരു അറബ് ശാസ്ത്രഞ്ജന്‍ ഖുറാനില്‍ കണ്ടെത്തുന്ന ശാസ്ത്രസൂചനകളെക്കാള്‍ എളുപ്പത്തില്‍ സ്വീകാര്യത ലഭിക്കുക അതേകാര്യം അന്യമതവിശ്വാസിയായ ഒരു വിദേശി പറയുമ്പോള്‍ ആണ്. നമ്മുടെ നാട്ടില്‍  നായന്മാരെ കൊണ്ട് ഇസ്ലാമികഇരവാദം ഉന്നയിപ്പിക്കുന്നതിന്‍റെ പുറകിലേ അതേ കുബുദ്ധി തന്നെയാണ് ഇതിന് പുറകില്‍ ഉള്ളതും. ഡോ: കീത്തും ഡോ: മോറിസും രണ്ട് വൈദ്യശാസ്ത്ര ഭിക്ഷഗ്വരന്‍മാരാണ്, വൈദ്യമേഘലയില്‍ ആധികാരികമായി പറയാന്‍ കഴിയേണ്ടവര്‍ തന്നെ. പക്ഷെ ഇവര്‍ക്ക് പ്രാവീണ്യമില്ലാത്ത ശാസ്ത്രശാഖകളില്ലെന്ന് വേണം വിവിധ മേഘലകളിലുള്ള ഇവരുടെ കണ്ടെത്തലുകളില്‍ നിന്നും മനസ്സിലാവുന്നത്.

എന്ത് കൊണ്ടോ ഈ കണ്ടെത്തലുകളൊന്നും അന്താരാഷ്ട്ര ശാസ്ത്രലോകം തീരെ പരിഗണിച്ചിട്ടില്ല. ശാസ്ത്രലോകത്ത് നല്ലൊരു മേല്‍വിലാസം പോലുമില്ലാത്തവരാണ് ഇവരെന്നുള്ളത് വിശ്വാസിക്കൊരു വിഷയമാവില്ലെന്നുള്ള ഉത്തമബോധ്യമുള്ളത് കൊണ്ടാവണം കഥയില്ലാത്ത വ്യാഖ്യാനശാസ്ത്രം ഒരു മഹത് സംഭവമെന്ന മട്ടില്‍ മുന്നോട്ട് വെക്കാന്‍ ഇവര്‍ ധൈര്യപ്പെട്ടത്. ശാസ്ത്രസൂചനകള്‍ ഖുറാനില്‍ കണ്ടെത്തുക, അത് കണ്ട് അത്ബുധപരതന്ത്രനാവുക, പറ്റുമെങ്കില്‍ ഒരു പടി കൂടി കടന്ന് മതം മാറുക - അതോടെ കഴിഞ്ഞു സായിപ്പിന്‍റെ വേഷം. പുറമേ പരമാവധി ശാസ്ത്രം പൂശിയ ഈ അര്‍ദ്ധസത്യങ്ങള്‍ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തേണ്ട ചുമതല മുസ്ലിം ഇവാന്‍ജെലിസ്ടുകളുടെയാണ്. ഹാറൂണ്‍ യഹിയ, ഡോ:സാക്കിര്‍ നായിക്ക്, ഡോ: അല്‍ സെയ്നി, ഡോ:ഇബ്രാഹിം സെയ്ദ്‌ തുടങ്ങിയ പണ്ഡിതപ്രഭുക്കള്‍ കൃത്യമായ അളവിലും പാകത്തിലും സന്ദര്‍ഭോചിതമായി ഖുറാനിലെ ശാസ്ത്രസത്യങ്ങള്‍ ലോക്കല്‍ മൌലവിമാരടങ്ങുന്ന ആരാധകവൃന്ദത്തിന്‍റെ അണ്ണാക്കിലേക്കൊഴിച്ചു കൊടുക്കുന്നു. ഖുറാന്‍ ക്ലാസുകളില്‍ വെച്ച് തൊണ്ട തൊടാതെ വിഴുങ്ങിയ ഈ ശാസ്‌ത്രങ്ങളാണ് പാവം വിശ്വാസികള്‍ പറ്റുന്നിടത്തെല്ലാം ചര്‍ദ്ദിച്ച് വെക്കുന്നത്.

ഇനി ദൈവത്തിന്‍റെ കൈയൊപ്പ്‌ പതിഞ്ഞ ഖുറാനിലെ മഹത്തായ ശാസ്ത്രസൂചനകള്‍ ഓരോന്നായി പരിശോധിക്കാം.

പാഠം ഒന്ന്: ഭ്രൂണശാസ്ത്രം ഖുറാനില്‍ >> 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ