2013, മേയ് 8

പാഠം ഒന്ന്: ഭ്രൂണശാസ്ത്രം ഖുറാനില്‍

<< ഖുര്‍ആനും ആധുനികശാസ്ത്രവും

ഖുറാനിലെ ഭ്രൂണശാസ്ത്രത്തെ കുറിച്ച് ഞാനാദ്യം കേട്ടത് ഫെയ്സ്ബുക്കിലാണ്. "ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ ഭ്രൂണവളര്‍ച്ചയുടെ വിവിധ തലങ്ങളെ കുറിച്ച് സസൂക്ഷ്മം ഖുറാനില്‍ പ്രതിപാദിച്ചത് കണ്ട് പ്രശസ്ഥ പാശ്ചാത്യശാസ്ത്രഞ്ഞര്‍ അത്ഭുതപരതന്ത്രരായി" - ഇതാണ് പോസ്റ്റിന്റെ കാതല്‍ . ഡോക്ടറായ കസിന്‍ ഫേയ്സ്ബുക്കില്‍ സാക്ഷ്യപ്പെടുത്തിയ, പാശ്ചാത്യഭിഷഗ്വരന്‍മാരെ പോലും അമ്പരപ്പിച്ച ഖുറാനിലെ ഭ്രൂണവളര്‍ച്ചയെ കുറിച്ച് കൂടുതലറിയണമെന്ന് തോന്നി.

പക്ഷെ അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ കല്ല്‌ കടിച്ചു. ഭ്രൂണ ശാസ്ത്രം കണ്ട് ഞെട്ടി തരിച്ച ആ രണ്ട് പാശ്ചാത്യഡോക്ടര്‍മാര്‍ കഴിഞ്ഞ പോസ്റ്റിലെ നായകരായ കീത്ത് എല്‍ മൂറും മൌറിസ് ബുക്കായുമാണ്. ഇങ്ങിനെ ഖുറാന്റെ ദൈവീകത തിരിച്ചറിഞ്ഞ ഡോ: മോറിസ് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയെന്നാണ് സങ്കല്‍പ്പം. വളരെ നല്ലത്, സ്വന്തം മതവിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുമ്പോള്‍ തന്നെ അന്യമതത്തെ കണക്കില്ലാതെ വാഴ്ത്തുന്നവരുണ്ട്. ഇങ്ങിനെ ചെലവില്ലാത്ത ചേതം മാത്രം ചെയ്യുന്നവരെക്കാള്‍ ആത്മാര്‍ത്ഥ ഡോ മോറിസിന് തന്നെ. അഴുകാത്ത ഫറോവയുടെ ശവശരീരം കണ്ടെത്തിയപ്പോള്‍ ഖുറാനിലെ മലയാണി കണ്ടപ്പോള്‍ .... അങ്ങിനെ പിന്നീട് പലപ്പോഴും ഖുറാനിലെ ദൈവീകത ഡോ മോറിസിന് ബോധ്യമായി,  അപ്പോഴൊക്കെയും ബുക്കായി മുസ്ലിമായി.

ചരിത്രം 

അന്നേ വരെ അഞ്ജമായിരുന്ന ഒരു പിടി ശാസ്ത്രസത്യങ്ങളടങ്ങിയ ഗ്രന്ഥത്തിന് തീര്‍ച്ചയായും ദൈവികത അവകാശപ്പെടാം. പക്ഷെ ഇസ്ലാമിന് മുന്‍പുള്ള കാലഘട്ടത്തിലെ വൈജ്ഞാനികമായി വട്ടപൂജ്യമായിരുന്ന മനുഷ്യസമൂഹമെന്നത് മനപൂര്‍വ്വം സൃഷ്ട്ടിക്കുന്നൊരു തെറ്റിധാരണയാണ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ സമൂഹത്തില്‍ നിലനിന്നിരുന്ന ഏതാനും അന്തവിശ്വാസങ്ങളെയും അശാസ്ത്രീയവീക്ഷണങ്ങളെയും ചൂണ്ടികാട്ടി കൊണ്ട് ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മനുഷ്യന്‍റെ പ്രാകൃതാവസ്ഥ പൊലിപ്പിക്കുക വഴിയാണ് ഈ മിഥ്യാധാരണ സൃഷ്ട്ടിക്കുന്നത്. അവകാശവാദങ്ങളെ വസ്തുതാപരമായി അവതരിപ്പിക്കുക വഴി ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതിന്‍റെ പ്രചാരകര്‍ക്ക് കഴിയാറില്ല. എങ്കില്‍ പോലും ശാസ്ത്രഅവകാശങ്ങള്‍ക്കൊപ്പം  പരിഹാസത്തിനും വെല്ലുവിളികള്‍ക്കും ഒട്ടും കുറവ് വരുത്താറില്ല.

ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ മുന്‍പേ തന്നെ മനുഷ്യന്‍ പല അറിവുകളും നേടിയിരുന്നു. ചരിത്രപരമായി മനുഷ്യന്‍ നേടിയെടുത്ത ഇത്തരം ശാസ്ത്രവിജ്ഞാന ശകലങ്ങള്‍ പല പുരാതന മതഗ്രന്ഥങ്ങളില്‍ വരെ കാണാനും കഴിയും. ഇതരമതഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ അതേ പടി,  ദൈവം മാലാഖ വഴി എത്തിച്ച ഖുറാനിലും കാണാം. ഇതിന് വിശ്വാസിയുടെ ന്യായീകരണം ഇതാണ്. "ലോകത്തെ ആദ്യത്തെ മനുഷ്യന്‍ 'ആദം നബി' മുസ്ലിമാണ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മനുഷ്യരെ നേര്‍വഴിക്ക് നയിക്കാന്‍ ദൈവം പ്രവാചകരെ ഇറക്കികൊണ്ടേയിരുന്നു. ഇവരില്‍ പലര്‍ക്കും വേദഗ്രന്ഥങ്ങള്‍ ദൈവം എത്തിച്ച് കൊടുത്തിട്ടുമുണ്ട്. അപ്പോള്‍ അതിലെല്ലാം ദൈവികമായ ഈ വിജ്ഞാനങ്ങള്‍ കാണാം." ഈ വാദം ശെരിയായിരുന്നുവെങ്കില്‍ മനുഷ്യ വര്‍ഗ്ഗത്തോളം പഴക്കമുള്ള, ലക്ഷത്തിലധികം പ്രവാചകരുള്ള "ഇസ്ലാം" മതത്തെ കുറിച്ച് ഖുറാന് മുന്‍പേയുള്ള ഗ്രന്ഥങ്ങളിലെല്ലാം പരാമര്‍ശിക്കേണ്ടതാണ്. അതെന്തുമാവട്ടെ ഈ കുറിപ്പില്‍ ഇസ്ലാം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, മുഹമ്മദ്‌ നബിയെ അന്ത്യപ്രവാചകനായി വിശ്വസിക്കുന്ന ഇസ്ലാം മതത്തെ മാത്രമാണ്. ചുരുക്കത്തില്‍ വെറും ആയിരത്തി നാന്നൂര്‍ വര്‍ഷം മാത്രം പഴക്കമുള്ള താരതമ്യേന പുതിയൊരു മതമാണ്‌ ഇസ്ലാം.

ഇനി ഖുറാന് മുന്‍പേ ലോകത്ത് നിലവിലുണ്ടായിരുന്ന ഭ്രൂണവളര്‍ച്ച-ജ്ഞാനം എന്തായിരുന്നുവെന്ന് നോക്കാം. ഖുറാന്‍ അവതരിക്കുന്നതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്‍റെ വീക്ഷണത്തില്‍ "ശരീരത്തിന്‍റെ സകല സ്രവങ്ങളും ഊറിയുണ്ടായ ശുക്ലം വൃക്കയിലൂടെ വൃഷണങ്ങളിലെത്തി ലിംഗം വഴി പുറത്ത് വരുന്നു". പുരുഷ ശുക്ലവും സ്ത്രീ രക്തവും (ആര്‍ത്തവം) കൂടി ചേര്‍ന്നാണ് ശിശു ഉണ്ടാകുന്നത്. ഇതാണ് ആധുനിക വൈദ്യശാസ്ത്രം തള്ളിക്കളഞ്ഞ ഖുറാനും മുന്‍പേയുള്ള ഭ്രൂണശാസ്ത്രം. സമാനമായ ദര്‍ശനങ്ങള്‍ വച്ച് പുലര്‍ത്തിയിരുന്ന പ്രാചീനവൈദ്യശാസ്ത്രഞരില്‍ പ്രമുഖരായ ഇന്ത്യന്‍ ഗ്രീക്ക് ചിന്തകരാണ്    ഹിപ്പോക്രാറ്റസ്, അരിസ്റ്റോട്ടില്‍, ഗാലന്‍, ചരകന്‍, കശ്യപന്‍ എന്നിവര്‍ .

ഖുറാന് മുന്‍പ്‌ അജ്ഞമായിരുന്ന വിജ്ഞാനമാണോ ഖുറാനിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് പരിശോധിക്കുന്നതിനായി ഖുറാനില്‍ ഭ്രൂണശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ എടുത്തെഴുതാം. മുകളില്‍ പറഞ്ഞ പുരാതന വൈദ്യശാസ്ത്രത്തില്‍ നിന്നും ഭിന്നമായതും  മഹത്തായതുമായ എന്താണ് ഖുറാനില്‍ പറഞ്ഞിരിക്കുന്നതെന്ന് സ്വയം വായിച്ച് ബോധ്യപ്പെടുക.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍ -  ആയത്ത് 4
    ആകാശങ്ങളും ഭൂമിയും അവന്‍ യുക്തിപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക്‌ അവയില്‍ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.


  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 018 അല്‍ കഹഫ് - ആയത്ത്  37
    അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട്‌ നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 022 ഹജ്ജ് - ആയത്ത്  5
    മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി ( പറയുകയാകുന്നു. ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍ - ആയത്ത്  14
    തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. പിന്നീട്‌ തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 032 സജദ -  ആയത്ത് 8
    താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന്‌ അവന്‍ ആരംഭിച്ചു. പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന്‌ അവന്‍ ഉണ്ടാക്കി.പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ്‌ അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച്‌ മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 035 ഫാത്വിര്‍ - ആയത്ത്  11
    അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട്‌ ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ്‌ നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ്‌ നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ്‌ വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത്‌ അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ളതാകുന്നു.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 036 യാസീന്‍ - ആയത്ത്  77
    മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട്‌ അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040 മുഅ്മിന്‍ - ആയത്ത്  67
    മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌ അവനാകുന്നു. പിന്നീട്‌ ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട്‌ വരുന്നു. പിന്നീട്‌ നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട്‌ നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 053 നജ്മ് - ആയത്ത്  46
    അവന്‍ തന്നെയാണ്‌ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും, അവന്‍ തന്നെയാണ്‌ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും, ആണ്‍‍ , പെണ്‍‍ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌ രണ്ടാമത്‌ ജനിപ്പിക്കുക എന്നത്‌ അവന്‍റെ ചുമതലയിലാണെന്നും, ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത്‌ അവന്‍ തന്നെയാണ്‌ എന്നും, അവന്‍ തന്നെയാണ്‌ ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌. എന്നുമുള്ള കാര്യങ്ങള്‍. ആദിമ ജനതയായ ആദിനെ അവനാണ്‌ നശിപ്പിച്ചതെന്നും, ഥമൂദിനെയും. എന്നിട്ട്‌ ( ഒരാളെയും ) അവന്‍ അവശേഷിപ്പിച്ചില്ല.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 056 അല്‍ വാഖിഅ - ആയത്ത്  57, 58, 59
    നാമാണ്‌ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ്‌ ( എന്‍റെ സന്ദേശങ്ങളെ ) സത്യമായി അംഗീകരിക്കാത്തത്‌? അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?


  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 075 ഖിയാമ - ആയത്ത്  36,37
    മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!. അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.


  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 080 അബസ - ആയത്ത്  19
    മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌? ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

  • പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 086 ത്വാരിഖ് - ആയത്ത്  6, 7
    എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു. അവനെ ( മനുഷ്യനെ ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) കഴിവുള്ളവനാകുന്നു.

പുരാതന ഗ്രീക്ക്‌ - ഭാരത വൈദ്യശാസ്ത്രവും ഖുറാനിലെ ഭ്രൂണവളര്‍ച്ചയും തമ്മിലുള്ള   സാമ്യങ്ങള്‍ വായിച്ചു ബോധ്യപ്പെടുക, രണ്ടും മുകളിലുണ്ട്. ഒന്ന് തന്നെയായ ഈ രണ്ടഭിപ്രായങ്ങളും ആധുനിക ശാസ്ത്രവുമായി യോജിക്കുന്നില്ല എന്നതാണ് രസകരം. ഭ്രൂണശാസ്ത്രത്തിന്‍റെ ചരിത്രമറിയുമ്പോള്‍ വെളിവാകുന്നത് ഖുറാനിന്‍റെ ദൈവീകതയല്ല, മറിച്ച് മനുഷ്യന്‍റെ കൈകടത്തലുകളും പരിമിതികളുമാണ്. തെറ്റാണെന്ന് ആധുനിക ശാസ്ത്രം  തെളിയിച്ച് കഴിഞ്ഞ ചില പുരാതനവിജ്ഞാനങ്ങള്‍ കുറാനിലൂടെ പുനര്‍ജ്ജനിക്കുന്നത് കണ്ടിട്ടാണ് ഡോ. മോറിസും കീത്തും ഞെട്ടിയത്. ഈ ഞെട്ടലിനെ കുറിച്ച് കേട്ടിട്ടാണ്  ലക്ഷോപലക്ഷം വിശ്വാസികള്‍ കാലങ്ങളായി ഞെട്ടികൊണ്ടിരിക്കുന്നത്.

മുകളിലെഴുതിയ ഖുറാനിലെ പരിഭാഷയില്‍ ആധുനിക ശാസ്ത്രസംജ്ഞകള്‍ കണ്ടാരും ഞെട്ടണ്ട.  ഭ്രൂണശാസ്ത്രം രൂപപ്പെട്ടതില്‍ പരിണാമസിദ്ധാന്തത്തിനും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. അറബി വാക്കുകള്‍ ശാസ്ത്രമറിയുന്നവരിലേക്ക് എത്തിയപ്പോള്‍ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ രൂപപ്പെടുക വഴിയാണ് ഭ്രൂണശാസ്ത്രശാഖ ഖുറാനില്‍ ഉടലെടുക്കുന്നത്. ഖുറാനിലെ ശാസ്ത്രത്തിന്‍റെ നിലനില്‍പ്പിന് മ്യുട്ടെഷന്‍ സംഭവിച്ച ഈ അര്‍ത്ഥങ്ങള്‍ വേണമെന്നുള്ളത് കൊണ്ട് അവയങ്ങിനെ തുടര്‍ന്നുവെന്ന് മാത്രം. ഇത്തരം ചില അറബി വാക്കുകളുടെ പരിണാമം താഴെ കൊടുക്കുന്നു.
"അലഖ" = അട്ട >> അട്ടയെ പോലെ ഒട്ടുന്ന ഒന്ന് >> രക്തകട്ട >> ശുക്ലകോശം >> സിക്താണ്ഡം...
"നുത്ഫ" = തുള്ളി >> തെറിച്ച് വീണ തുള്ളി >> രേതസ്സ്/ശുക്ലം...
"മുദ്ഖ" = മാംസകഷ്ണം >> ഭ്രൂണത്തിന്‍റെ ആദ്യ വളര്‍ച്ചാഘട്ടം...

വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ച് നല്‍കി ചില പുരാതനവിശ്വാസങ്ങളെ ആധുനികവൈദ്യശാസ്ത്രമാക്കി മാറ്റാനുള്ള ശ്രമം ഇവിടെ വ്യക്തമാണ്. എങ്കിലും വ്യാഖ്യാനശാസ്ത്രഞ്ജര്‍ വാക്കുകള്‍ക്ക് നല്‍കിയ പുതിയ അര്‍ത്ഥങ്ങള്‍ മുഖവിലക്കെടുത്ത് കൊണ്ട് തന്നെ തുടരാം. എന്ന് വെച്ചാല്‍ അട്ട എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്‌ "ശുക്ലകോശം" എന്നാണെന്ന് അംഗീകരിച്ച് കൊണ്ട് തന്നെ ഇവയുടെ ശാസ്ത്രീയത പരിശോധിക്കാം.

അണ്ഡത്തെ കണ്ടവരുണ്ടോ?

ഭ്രൂണവളര്‍ച്ചയെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങിനെ വിവരിക്കാം. സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിന്‍റെ ഫലമായി സ്ത്രീ ശരീരത്തിനുള്ളിലെത്തുന്ന ലക്ഷകണക്കിന്  പുംബീജങ്ങളില്‍ നിന്നൊരു ബീജം സ്ത്രീയുടെ അണ്ഡകോശവുമായി ബീജസങ്കലനത്തിലേർപ്പെട്ട്  സിക്താണ്ഡം രൂപപ്പെടുന്നു, ഇത് പിന്നീട് ഗർഭപാത്രത്തിൽ വച്ച് ഭ്രൂണമായി മാറുന്നു.

സ്വാഭാവിക ഗര്‍ഭധാരണ പ്രക്രിയയില്‍ അണ്ഡകോശത്തിന്‍റെ പങ്ക് മുകളിലെ വരികളില്‍ നിന്ന് വളരെ വ്യക്തമാണ്. പുംബീജത്തിന് മാത്രമോ , പുംബീജവും സ്ത്രീരക്തവും കൂടിചേര്‍ന്നോ ഭ്രൂണം ഉണ്ടാവില്ല.

ഖുറാനില്‍ ഒരിടത്തും ഭ്രൂണം രൂപപ്പെടുന്നതിലുള്ള അണ്ഡകോശത്തിന്‍റെ പങ്കിനെ കുറിച്ച് വ്യക്തമായി പറയുന്നില്ല. പുരുഷബീജത്തെ കുറിച്ച് മാത്രമേ മുകളിലുള്ള ഖുറാന്‍ ഭാഗങ്ങളില്‍ എല്ലാം  പരാമര്‍ശിക്കുന്നുള്ളൂ. ഇതിനൊരപവാദമെന്ന രീതിയില്‍ പറയാവുന്ന ഖുറാനിലെ ഏകഭാഗം താഴെ കൊടുക്കുന്നു.
"Verily WE created Man from a drop of mingled sperm." (76:2)
മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ? മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. 
ഇവിടെ "മിശ്രിതം" എന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും അതില്‍ സ്ത്രീയുടെ അണ്ഡകോശം ഉള്‍പ്പെടുന്നുവെന്ന് പറയുന്നില്ല. അണ്ഡത്തെ കുറിച്ചുള്ള ഒരു സൂചനയും ഖുറാനില്‍ ഇല്ലാത്തതിനാല്‍ ഇവിടെ പ്രതിപാദിക്കുന്ന "മിശ്രിതവും" ശുക്ലവും സ്ത്രീയുടെ രക്തവും കൂടിചേര്‍ന്നുണ്ടാവുന്ന പുരാതനഗ്രീക്ക് തുള്ളിയില്‍ കൂടുതലൊന്നുമാവാന്‍ തരമില്ല.

ഗര്‍ഭധാരണപ്രക്രിയ സംശയാതീതമായി ശാസ്ത്രം വിശധീകരിച്ചതിന് ശേഷം വ്യാഖ്യാനകസര്‍ത്തുകളിലൂടെ സ്ത്രീയുടെ അണ്ഡകോശം ഖുറാനിലെ മിശ്രിതകണത്തില്‍ പ്രതിഷ്ട്ടിക്കാനാണ് ശ്രമം. അണ്ഡകോശത്തെ കുറിച്ചൊന്നും പ്രതിപാദിക്കാത്ത ഖുറാനിലെ ഭ്രൂണശാസ്ത്രം വ്യക്തമാക്കുന്നത് ദൈവീകതയല്ല മറിച്ച് അണ്ഡത്തിന്‍റെ പങ്കിനെ കുറിച്ചുമുള്ള അന്നത്തെ ജനതയുടെ അഞ്ജത മാത്രമാണ്.

ആണും പെണ്ണും തമ്മിലുള്ള ജനിതകവസ്തുക്കളുടെ കൈമാറ്റം വഴിയാണ് ലൈംഗികപ്രത്യുൽപ്പാദനം നടക്കുന്നത്. ഇതിനായി മാതാ-പിതാക്കളുടെ ക്രോമസോം സംഖ്യ (46) കോശവിഭജനത്തിലൂടെ പകുതിയായി(23) കുറയ്ക്കുന്നു. മാതൃ- പിതൃ സ്വഭാവങ്ങളെ വഹിക്കുന്ന ആൺ-പെൺ ബീജങ്ങൾ ബീജസംയോഗം എന്ന പ്രക്രിയവഴി കൂടിച്ചേർന്ന് സിക്താണ്ഡം (23 + 23 = 46) എന്ന ഒറ്റകോശമുണ്ടാകുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ വിത്ത് പാകുന്ന കര്‍ഷകനായ പുരുഷനെയോ വിളനിലമായ സ്ത്രീയെയോ കാണാനാവില്ല. ഇത്തരം ഉപമകള്‍ക്ക് പുറകിലെ  കാവ്യഭാവനയെ അംഗീകരിക്കാന്‍ കഴിഞ്ഞേക്കാം, പക്ഷെ അവകാശപ്പെടുന്ന ശാസ്ത്രീയത അന്ഗീകരിക്കാനാവാത്തത് ആണ്.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ - ആയത്ത് 223
നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌.

മുതുകാണ് താരം

പുംബീജ-ഉത്പാദനം നടക്കുന്നത് വൃഷണങ്ങളിലാണെന്നുള്ളത് ഇന്നെല്ലാവര്‍ക്കും അറിയാം. പണ്ടിത് സംബന്ധിച്ച് പല വിശ്വാസങ്ങളും നിലന്നിനിരുന്നു, അക്കൂട്ടത്തിലെ രസകരമായ ഒരു വിശ്വാസം പറയാം. ശരീരത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള എല്ലുരുകിയുണ്ടാവുന്ന ശുക്ലം മുതുകില്‍ സംഭരിക്കപ്പെടുന്നു. ലൈംഗീകവേഴ്ചക്കിടയില്‍ മുതുകില്‍ നിന്നൊലിച്ചിറങ്ങുന്ന ശുക്ലം തെറിച്ചുവീഴുകയാണ് ചെയ്യുന്നത്. അക്കാലത്തെ താരം വൃഷണങ്ങളല്ല മുതുകാണ്. കോമഡി മതി ഇനി ഖുറാന്‍ ശ്രദ്ധിക്കാം.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് - ആയത്ത് 23
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത്‌ പുത്രിമാരും. ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ ( അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ ) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും ( നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും ( നിഷിദ്ധമാകുന്നു. ) മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അഅ്റാഫ്- ആയത്ത് 172
നിന്‍റെ രക്ഷിതാവ്‌ ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്ത്‌ കൊണ്ട്‌ വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം ( ഓര്‍ക്കുക. )

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 086 ത്വാരിഖ് - ആയത്ത് 5,6,7
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു.

മുതുകിന്റെ സ്ഥാനം സ്പഷ്ട്ടമായി ഖുറാനില്‍ പറഞ്ഞ സ്ഥിതിക്ക് ഇനി മുതുകിനെ ഉപേക്ഷിക്കാന്‍ കഴിയില്ല. ആകെ ചെയ്യാവുന്നത് വൃഷണവും മുതുകും തമ്മിലുള്ള ബന്ധം ഉണ്ടാക്കിയെടുക്കലാണ്.  അതിന് കഴിഞ്ഞാല്‍ മുതുക് = വൃഷണം ആണെങ്കില്‍ ഖുറാന്‍ = ശാസ്ത്രം എന്ന ഫോര്‍മുല ഉപയോഗിക്കാനും കഴിയും. മുതുകിനെ വൃഷണവുമായി അടുപ്പിക്കാന്‍ ഗര്‍ഭാശയശിശുവിനോളം പുറകിലേക്ക് സഞ്ചരിക്കുന്ന വ്യാഖ്യാനശാസ്ത്രഞ്ഞരെ കാണാന്‍ കഴിയും. അത്തരം വ്യഖ്യാനകസര്‍ത്തുകളില്‍ ദൈവീകത ദര്‍ശിക്കാന്‍ കഴിയുന്നവരെ തിരുത്താനില്ല.

ഖുറാനെ ശാസ്ത്രം കൊണ്ട് പൊതിഞ്ഞപ്പോള്‍ 

 

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍ ആയത്ത് 12,13,14
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി.
തുടര്‍ന്ന്‌ ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.

ഖുറാനില്‍ ഭ്രൂണവളര്‍ച്ച വിവരിക്കുന്നതില്‍ വ്യക്തതയും സ്ഥിരതയുമില്ല. എങ്കിലും ഖുറാന്‍ പ്രകാരം ഭ്രൂണ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഇങ്ങിനെയെന്നു പറയാം: കളി മണ്ണ് >> ശുക്ലം >> അട്ടയെ പോലെ തൂങ്ങുന്ന >> ബബിള്‍ ഗം പോലെ,  അപൂര്‍ണ്ണമായ >> എല്ല്  >> എല്ലിനെ പൊതിയുന്ന ഇറച്ചി. ഇത് വിവരിക്കാന്‍ എന്തിനാണ് സാധാരണക്കാരന്‍ കണ്ടാല്‍ പേടിച്ച് പോവുന്ന മുകളിലെ ചിത്രങ്ങള്‍ എന്നല്ലേ. ഈ ചിത്രങ്ങള്‍ കാണുന്ന സാധാരണ വിശ്വാസി, ഇത്രക്കും ഗഹനമായ ശാസ്ത്രമൊന്നും തനിക്ക് മനസിലാവില്ലെന്ന ധാരണയില്‍ അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ മെനക്കെടില്ല. പകരം ചിത്രത്തിലുള്ള "ഖുറാനില്‍ നേരത്തെയുണ്ട്, ശാസ്ത്രം ദേ ദിപ്പോ കണ്ടെത്തി" എന്നത് വിശ്വസിച്ച് കൊണ്ട് പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കും. ഈ ആയത്തിന് ചിത്രം അവകാശപ്പെടുന്ന പോലെയൊരു ശാസ്ത്രീയത അവകാശപ്പെടാനില്ല എന്നതാണ് സത്യം. ഭ്രൂണവളര്‍ച്ചയുടെ ഒരു ഘട്ടത്തിലും മാംസപിണ്ഡം അസ്ഥികൂടമായി മാറുന്നില്ല. അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിയുന്ന ഏര്‍പ്പാടും ഇല്ല. അസ്ഥിയെ വളച്ച്, വളയുന്ന അസ്ഥിയാക്കിയാല്‍ (cartilage) പോലും ശാസ്ത്രീയത കൈവരിക്കാനാവില്ല. എല്ലുകള്‍ രൂപപ്പെടുന്നതിന് മുന്‍പേ തന്നെ പേശികള്‍ രൂപപ്പെടും. എല്ലില്‍ ഇറച്ചി പൊതിഞ്ഞ് ജീവിയുണ്ടാവുന്ന സങ്കല്‍പ്പം  അക്കാലത്ത് നിലനിന്നിരുന്ന ഒരു വിശ്വാസമാവാനെ തരമുള്ളൂ. 

<< ഖുര്‍ആനും ആധുനികശാസ്ത്രവും                                          പാഠം രണ്ട്: ആകാശ നിലകള്‍ >>

4 അഭിപ്രായങ്ങൾ: